Friday, December 30, 2016

സ്കൂൾ മുറ്റത്ത് സഹജീവി സ്നേഹത്തിന്റെ ' ആട് അറിവുകൾ'

തൃശൂർ: പ്രൈമറി ക്ളാസിൽ പണ്ട് പഠിച്ച മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ഈ പദ്യം ചിലർക്കെങ്കിലും ഓർമ്മയിലുണ്ടാവും. മേരിയോടൊപ്പം സ്കൂളിൽ ഓടിക്കയറിയ ഒരു കുഞ്ഞാടിന്റെ കഥയാണ് അതെങ്കിൽ ഒരു സ്കൂൾ മുഴുവൻ കുഞ്ഞാടുകൾ ഓടി നടക്കുന്ന കഥയാണ് തൃശൂർ തൃത്തല്ലൂർ യു. പി സ്കൂളിനു പറയാനുള്ളത്. ഇവിടെ സ്കൂളിൽനിന്നാണ് കുട്ടികളോടൊപ്പം കുഞ്ഞാടുകൾ വീട്ടിലേക്ക് പോകുന്നത്. രാജ്യം മുഴുവൻ ബീഫ് ഫെസ്റ്റിവൽ വിവാദം കൊഴുക്കുന്നതിനിടയിൽ വളർത്തുമൃഗങ്ങളെ ജീവനുതുല്യം സ്നേഹിക്കാൻ പഠിക്കുകയാണ് സ്‌കൂളിലെ ദീപൻമാസ്റ്ററും കുട്ടികളും. കമ്പ്യൂട്ടറിൽ അഭിരമിക്കുന്ന പുതുതലമുറയെ സ്നേഹിക്കാൻ പഠിപ്പിക്കണം എന്ന തിരിച്ചറിവിലാണ് ദീപൻമാഷ് സ്കൂളിൽ ഗോട്ട് ക്ളബ് രൂപീകരിച്ചത്. ജീവന്റെ ജീവൻ എന്ന് പദ്ധതിക്ക് പേരിട്ടു.''ആടിന്റെ പാൽ അവയുടെ കുട്ടികൾക്കാണ്. ഇറച്ചിയും ഞങ്ങൾ കഴിക്കില്ല'' ഇതാണ് ഇവരുടെ മുദ്രാവാക്യം. മുത്തശ്ശിയും അമ്മയും പേരക്കുട്ടികളുമായി ഏഴുതലമുറ പിന്നിട്ട കുടുംബത്തിൽ 35ലധികം ആടുകൾ ഇപ്പോൾ കുട്ടികളുടെ ഗോട്ട് ക്ളബിലുണ്ട്. കിങ്ങിണി, മിന്നു, ചിന്നു, തക്കുടു, സുന്ദരി ... ഓമനപ്പേരുള്ള ഇവരുടെ താമസം 27 കുട്ടികളുട‌െ വീടുകളിലാണ്. എട്ടുപേരുടെ വീട്ടിലേക്ക് കൂടി വൈകാതെ കുടുംബത്തിൽ നിന്ന് അംഗങ്ങളെത്തും. 'പാലിനും ഇറച്ചിക്കും വേണ്ടിയല്ലെങ്കിൽ പിന്നെന്താ ഇവറ്റകളെ വളർത്തിയാൽ നിങ്ങൾക്കുള്ള ഗുണം?' എന്നു ചോദിക്കുന്നവരോട് ഇവർ പറയും: ''ഞങ്ങൾ സ്‌നേഹിക്കാൻ പഠിച്ചൂല്ലോ...'' തുടക്കത്തിൽ ഒരു ആടിനെയെങ്കിലും വാങ്ങിക്കുകയെന്നത് ശ്രമകരമായിരുന്നു. പണം കണ്ടെത്താൻ സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി ചെയ്തു. ആദ്യ വിളവെടുപ്പിൽ നിന്ന് ആടിനെ വാങ്ങാനുള്ളതിനെക്കാൾ പണം. വൈകാതെ സ്കൂളിലേക്ക് ആടിനെ വാങ്ങി. അസംബ്ളിയിൽവച്ച് കുട്ടികൾ ആടിന് പേരിട്ടു- മണിക്കുട്ടി. അടുത്ത ദിവസം സ്കൂൾ മുറ്റത്ത് കുട്ടികളും അദ്ധ്യാപകരും ചേർന്ന് അവൾക്ക് കൂര പണിതു- മണിക്കുട്ടി പാലസ്. വൈകുന്നേരമായാൽ തൊട്ടടുത്ത വീട്ടിലേക്ക് കുട്ടികൾ മണിക്കുട്ടിയെ മാറ്റും. പിന്നെ മണിക്കുട്ടി ജന്മം നൽകിയ രണ്ട് ആട്ടിൻകുട്ടികളെ ഗോട്ട് ക്ളബിലെ രണ്ട് അംഗങ്ങൾക്ക് കൈമാറി. കന്നി പ്രസവത്തിലെ കുട്ടികൾ എത്രയെണ്ണമായാലും ഗോട്ട് ക്ളബിന് കൈമാറണമെന്നാണ് വ്യവസ്ഥ. അമ്മയാടിനെ പിന്നീട് കുട്ടികൾക്ക് സ്വന്തമാക്കാം. ചിലരുടെ വീടുകളിൽ മൂന്ന് ആടുകൾ വരെയുണ്ട്. ആടുകൾക്ക് ഓമനപ്പേരിടുന്നതും അവരെ പരിപാലിക്കുന്നതുമെല്ലാം കുട്ടികൾ തന്നെ. -
keralakaumudi

No comments:

Post a Comment