Friday, December 30, 2016

സസ്യാഹാരം വിളമ്പി ക്രിസ്മസ് ആഘോഷം

കോട്ടയം: മുട്ട ചേര്‍ന്ന കേക്ക് വരെയൊഴിവാക്കി വട്ടയപ്പം മുറിച്ച് ക്രിസ്മസ് ആഘോഷം. കോട്ടയം ദേവലോകം അരമനയില്‍ നടന്ന ആഘോഷമാണ് സസ്യാഹാരം വിളമ്പി ലളിതമാക്കിയത്. ജീവന്‍ ദയാവേദി സംഘടിപ്പിച്ച ആഘോഷത്തിന് ബാവാ തിരുമേനി വട്ടയപ്പം മുറിച്ച് തുടക്കമിട്ടു. ജീവകാരുണ്യ സന്ദേശവാഹകനായ ക്രിസ്തുദേവന്റെ പേരില്‍ മിണ്ടാപ്രാണികളെ കൊന്ന് ഭക്ഷണമൊരുക്കി ക്രിസ്മസ് ആഘോഷിക്കരുതെന്ന അപേക്ഷയാണ് ജീവന്‍ ദയാവേദി പ്രവര്‍ത്തകര്‍ക്കുള്ളത്. ജീവന്റെ ആഘോഷദിനങ്ങളായ ക്രിസ്മസിനും ഈസ്റ്ററിനും കണക്കില്ലാതെ മിണ്ടാപ്രാണികളെ കൊന്നൊടുക്കുന്നതിനെതിരെ മനുഷ്യമനഃസാക്ഷിയുണര്‍ത്തുകയാണ് ലക്ഷ്യം. 15 വര്‍ഷമായി തുടരുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്. ഈ വര്‍ഷം 25 കേന്ദ്രങ്ങളില്‍ ജീവന്‍ദയാവേദി 'അഹിംസാത്മക' ക്രിസ്മസ് സന്ദേശവുമായി സ്‌നേഹ സദസ്സുകള്‍ സംഘടിപ്പിച്ചു. അടുത്ത അമ്പതുനോമ്പിന് വീടുകള്‍ കേന്ദ്രീകരിച്ച് സംവാദങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ആധുനിക വൈദ്യശാസ്ത്രം ഉപേക്ഷിച്ചശേഷം മരുന്നില്ലാതെ ആഹാര നിയന്ത്രണത്തിലൂടെ അസുഖം ഭേദമായ നിരവധി ആളുകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. രോഗങ്ങള്‍ പരിഹരിക്കാന്‍ ശരീരത്തില്‍ തന്നെ ഒരു മെക്കാനിസം ഉണ്ടെന്നും പ്രകൃതി ജീവനത്തിലൂടെ അത്ഭുതങ്ങള്‍ ഉണ്ടാക്കാമെന്നും ബാവാ തിരുമേനി പറഞ്ഞു.   നമ്മള്‍ എന്തുകഴിക്കണമെന്ന് കോര്‍പ്പറേറ്റുകള്‍ തീരുമാനിക്കുന്ന ഇക്കാലത്ത് രസനേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിക്കാന്‍ അതുപോലെ കരുത്തുള്ളവര്‍ക്കേ പറ്റൂ. തിരക്കുപിടിച്ച ലോകത്ത് വിഷരഹിതഭക്ഷണശീലം പാലിക്കാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന ചിന്തയും അദ്ദേഹം പങ്കുവെച്ചു. ജീവന്‍ ദയാവേദി ചെയര്‍മാന്‍ എം.കുര്യന്‍, സെക്രട്ടറി റവ.എ.സി.തോമസ്, ആന്‍സാ വര്‍ഗീസ്, സന്തോഷ് കൈതയില്‍, കുരുവിള തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പഴങ്ങളും മറ്റും അടങ്ങിയ വിഷരഹിത ഉല്പന്നങ്ങള്‍ തിരുമേനിക്ക് നല്‍കി ജൈവസമര്‍പ്പണവും നടത്തി.
Mathrubhumi 


No comments:

Post a Comment